UPCOMING EVENTS

Zoom Prayer meeting on 23rd May 2020 at 6.00 PM.     

പാൽക്കാപ്പിപ്രസാദം:




മംഗലാപുരത്തെ ഗോകർണ്ണനാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുശേഷം ഗുരുദേവൻ ഒരു ദിവസം ക്ഷേത്രാങ്കണത്തിൽ ഇരിക്കുകയായിരുന്നു. ആ നേരത്തു ഗുരുദേവന് കുടിക്കാനായി ഒരാൾ പാൽ ചേർത്ത് ഒരു കപ്പ് കാപ്പി അവിടേക്ക് കൊണ്ടുവന്നു. ഗുരുദേവൻ കാപ്പിയോ ചായയോ കുടിക്കുമായിരുന്നില്ല. എങ്കിലും അതിൽ നിന്നൊരു കവിൾ കുടിച്ചിട്ട് അവിടെ തന്നെ വച്ചു.

ആ സമയത്തു ക്ഷേത്രത്തിൽ ഒരു ഭക്തൻ ഒരു ബാലികയും ആയി ഗുരുവിനടുത്തു എത്തുകയുണ്ടായി. ആ കുട്ടി ഗുരുവിൻ്റെ പാദങ്ങളിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു . ഓമനത്തം തുളുമ്പുന്ന ആ ബാലികയെ ഗുരുദേവൻ അടുത്ത് വിളിച്ച് ഒന്ന് തലോടി. എന്നിട്ട് ഗുരുദേവൻ ചോദിച്ചു.

''നിൻ്റെ പേര് എന്താണ് ?"

അവൾ ഒന്നും മിണ്ടിയില്ല. ഗുരുദേവൻ ഒരിക്കൽ കൂടി ചോദിച്ചു എന്താണ് നിൻ്റെ പേര്?

അപ്പോൾ ആ ബാലികയെയും കൂട്ടി വന്നിരുന്നയാൾ സങ്കടത്തോടെ പറഞ്ഞു.

"അവൾ ജന്മനാമൂകയാണു സ്വാമി"

അയാളുടെയും  ബാലികയുടെയും സങ്കടം കണ്ടപ്പോൾ അവിടെ കൂടി നിന്നവർക്കെല്ലാം വലിയ പ്രയാസം ഉണ്ടായി.

ഗുരുദേവൻ നേരത്തെ കുടിച്ചിട്ടു ബാക്കി വെച്ചിരുന്നു ആ പാൽ കാപ്പി രണ്ടുമൂന്നു തവണ ആ ബാലികയുടെ നാവിലേക്ക് ഒഴിച്ചു കൊടുത്തു. അവൾ അത് നുണഞ്ഞു കുടിച്ചു എന്നിട്ട് പലപ്രാവശ്യം നാവു നുണയുകയും രുചിച്ചു നോക്കുന്നത് പോലെ നാവു ഇളക്കുകയും ചെയ്തു.

ഗുരുദേവനോടു പറ്റിച്ചേർന്നു നിന്ന അവളോടു ഗുരുദേവൻ വീണ്ടും ചോദിച്ചു "എന്താണ് നിൻ്റെ പേര് ?

കുട്ടി പെട്ടെന്ന് അവളുടെ പേരിന്റെ ആദ്യാക്ഷരം ഉച്ചരിച്ചു. പിന്നെ മുഴുവനായും പറഞ്ഞു.' അത് കണ്ട് നിന്നവർ എല്ലാവരുംഅത്ഭുതപ്പെട്ടു. 

അതോടെ അവരെല്ലാം ബാക്കിയിരുന്ന പാൽക്കാപ്പിക്കായി കൈനീട്ടി അപേക്ഷിച്ചു.

"അതിലുള്ളത് എല്ലാവർക്കും ഓരോ തുള്ളിയായി കൊടുക്കണം" ഗുരുദേവൻ ചിരി അടക്കി ഗുരുപ്രസാദ് സ്വാമിയോട് പറഞ്ഞു. 

അതു അനുസ്മരിച്ച് ഇന്നും മംഗലാപുരത്തെ ആ ഗോകർണ്ണനാഥ ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്നത് പാൽക്കാപ്പിയാണ്.